
ബംഗളുരു: ഗുരുതരമായ അഴിമതികളുടെ പേരിൽ കർണാടക പി എസ് സി ചെയർമാൻ ശിവശങ്കരപ്പ സാഹുകാറിനെ ഗവർണർ ആദ്യം സസ്പെൻഡ് ചെയ്തത് ഈ വർഷം ജൂലൈ പത്തിനായിരുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ ശുപാർശ യില്ലെന്ന കാരണത്താൽ ഹൈക്കോടതി ആ നടപടി സ്റ്റേ ചെയ്തു. സംസ്ഥാന ഗവണ്മെന്റ് രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 25 ന് ഗവർണർ അദ്ദേഹത്തെ വീണ്ടും സസ്പെൻഡ് ചെയ്തു. കെ പി എസ് സി യിലെ അഴിമതി, സ്വജന പക്ഷപാതം, നിയമന തട്ടിപ്പ് എന്നിവ സംസ്ഥാന സിഐഡിയും അതിന് പുറമെ ഇഡിയും അന്വേഷിച്ചുവരികയാണ്. പല ഉന്നതരും ജയിലിലായിട്ടുണ്ട്. സസ്പെൻഷനിലുള്ള ചെയർമാനെയും പി എസ് സിയിലെ അംഗങ്ങളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മകൾക്ക് സർക്കാർ ജോലി ലഭിക്കുന്നതിനായി വരുമാന രേഖകളിൽ കൃത്രിമം നടത്തിയെന്ന ആരോപണവും 400 വെറ്ററിനറി തസ്തികകളിലേക്കുള്ള പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണവും ഉയർന്നതിനെ തുടർന്ന് കെപിഎസ്സി ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹുക്കറെ സസ്പെൻഡ് ചെയ്തത്.
2019ൽ കെപിഎസ്സി അംഗമായ സാഹുക്കർ 2021ൽ ചെയർമാനായി. നിയമനസമയത്ത് അദ്ദേഹത്തിന്റെ സർക്കാർ സർവീസ് പരിചയത്തെക്കുറിച്ച് എതിർപ്പുകൾ ഉയർന്നിരുന്നു. മുൻ തൊഴിലുടമയായ എൻസിയുഐ അദ്ദേഹത്തിന്റെ ജോലി പ്രകടനം തൃപ്തികരമല്ലെന്നും സമയനിഷ്ഠയില്ലെന്നും രേഖപ്പെടുത്തിയിരുന്നു.
2023ൽ കെപിഎസ്സി സെക്രട്ടറി വികാസ് സുരൽക്കറും സാഹുക്കറും തമ്മിൽ തർക്കമുണ്ടായി. നിയമന നടപടികളിലെ ക്രമക്കേടുകളും അധികാരദുരുപയോഗവും സുരൽക്കർ ചൂണ്ടിക്കാട്ടിയെങ്കിലും പിന്നീട് അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. പകരമെത്തിയ ലതാകുമാരിയും സാഹുക്കറിനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് ഗവർണർക്ക് കത്തയച്ചു; പിന്നാലെ അവരെയും സ്ഥാനത്തുനിന്ന് മാറ്റി.
2023ലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പരീക്ഷയിലെ ഉത്തരക്കടലാസുകളിൽ കൃത്രിമം നടന്നെന്ന പരാതിയിൽ കെപിഎസ്സി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പത്ത് ഉദ്യോഗാർത്ഥികൾക്കെതിരെ നടപടി ശുപാർശ ചെയ്തു. കേസ് ഹൈക്കോടതിയിലെത്തിയെങ്കിലും നിർദേശിച്ച പ്രത്യേക അന്വേഷണം മുന്നോട്ടുപോയില്ല.
സാഹുക്കറിനെതിരായ ആരോപണങ്ങളിൽ പലതും ഇപ്പോഴും അന്വേഷണം, കോടതി നടപടികൾ എന്നിവയുടെ പരിധിയിലാണ്. 2019 മുതൽ കെപിഎസ്സിയിലെ നിയമന നടപടികളിലെ സുതാര്യതയും ഉത്തരവാദിത്തവും സംബന്ധിച്ച് ആവർത്തിച്ച് ഉയർന്ന പരാതികൾ സ്ഥാപനത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
Photo Courtesy - Google










